‘ടെസ്‌ല ടെക്കീല’ കുപ്പി ഒന്നിന് 18500 രൂപ; വിറ്റുപോയത് മിന്നല്‍ വേഗത്തില്‍

മെക്‌സിക്കോ: ടെസ്‌ല ഇറക്കുന്ന എന്തിനും ഡിമാന്‍ഡ് ഏറെയാണ്. അതിപ്പോള്‍ കാറായാലും മദ്യമായാലും. ടെസ്‌ലയുടെ വെബ്‌സൈറ്റിലൂടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ടെക്കീല (tequila) എന്ന മദ്യം വിറ്റുതീര്‍ന്നത് മണിക്കുറിനുള്ളിലാണ്. അത് ആദായ വിലക്കാണെന്ന് തെറ്റിദ്ധരിക്കണ്ട. കുപ്പി ഒന്നിന് 250 ഡോളര്‍ (18490 രൂപ).
പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ടെക്കീല പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് തന്നെ ‘ഔട്ട് ഓഫ് സ്റ്റോക്കി’ ക്കായി. ഇടിമിന്നലിന്റെ ആകൃതിയിലാണ് കുപ്പി ഇറക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, കാലിഫോര്‍ണിയ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട് യുഎസ് സ്റ്റേറ്റുകളില്‍ മാത്രമേ ‘ടെസ്‌ല ടെക്കീല’ ലഭിക്കൂ.
2018 ഏപ്രില്‍ ഒന്നിനാണ് ഇലോണ്‍ മസ്‌ക് ആദ്യമായി തന്റെ ടെസ്‌ല വെബ്‌സൈറ്റിലൂടെ ടെസ്‌ലക്കീല(teslaquila) എന്ന ബ്രാന്‍ഡില്‍ ടെക്കീല എന്ന മദ്യത്തിന്റെ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ ആശയം ആദ്യമായി ട്വിറ്ററിലൂടെ അവതരിപ്പിച്ചത്. എന്നാല്‍ അതൊരു തമാശയായി അദ്ദേഹത്തിന്റെ ഫോളേവേഴ്‌സ് കരുതി. ടെസ് ല മോഡല്‍ 3 യുടെ സമീപം ടെസ് ലക്കീല കുപ്പികളുമായിരിക്കുന്ന സ്വന്തം ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ആ വര്‍ഷം ഒക്ടോബറില്‍ തന്നെ ടെക്കീലയുടെ ഉത്പാദനത്തിനുള്ള അനുമതിക്കായി ശ്രമിച്ചെങ്കിലും മെക്‌സികോയിലെ ടെക്കീല നിര്‍മാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ടെസ്‌ലക്കീല എന്ന പുതിയ പേര് ടെക്കീല എന്ന ഉത്പന്നനാമത്തിന് വെല്ലുവിളിയായേക്കുമെന്ന് മെക്‌സിക്കോയുടെ ടെക്കീല റെഗുലേറ്ററി കൗണ്‍സില്‍ അന്ന് വാദിച്ചിരുന്നു.
മെക്‌സിക്കോയിലെ പ്രമുഖ മദ്യനിര്‍മാതാക്കളായ ഡെസ്റ്റിലഡോറ ഡെല്‍ വലെ ഡി ടെക്കീലക്കാണ് ടെസ് ല ടെക്കീല നിര്‍മിക്കാന്‍ അവകാശം.