പഴയ ആഭരണം മലയാളികള്‍ക്ക് വേണ്ട; വിറ്റഴിച്ചത് 10.79 ടണ്‍ സ്വര്‍ണം


ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം ത്രൈമാസത്തില്‍(ജൂലൈ-സെപ്റ്റംബര്‍) കേരളത്തിലെ ജനങ്ങള്‍ വിറ്റഴിച്ചത് 10.79 ടണ്‍ പഴയ സ്വര്‍ണം. പഴയ സ്വര്‍ണം വിറ്റു പണമാക്കിയതും പുതിയ സ്വര്‍ണം മാറ്റിയെടുത്തുമുള്‍പ്പെടെയുള്ള കണക്കാണിത്. സ്വര്‍ണവില പവന് റെക്കോര്‍ഡ് നിലവാരമായ 42,000 രൂപയിലെത്തിയ ഓഗസ്റ്റില്‍ പഴയസ്വര്‍ണ വില്‍പന കുത്തനെ ഉയര്‍ന്നിരുന്നു. തുടര്‍ന്നു വില ചെറിയ തോതില്‍ കുറഞ്ഞപ്പോള്‍ വിറ്റഴിക്കലും കുറഞ്ഞു.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസത്തില്‍ രാജ്യത്താകെ 41.5 ടണ്‍ പഴയ സ്വര്‍ണമാണ് ഉരുക്കി, ശുദ്ധീകരിച്ചു പുതിയ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചത്. 2012 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിതെന്നു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 36.5 ടണ്ണായിരുന്നു. 13.6 ശതമാനമാണ് വര്‍ധന.