87 രൂപക്ക് വീട് സ്വന്തമാക്കാം ഇറ്റലിയില്‍


ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ വീടൊരു സ്വപ്‌നം മാത്രമാണോ? എന്നാല്‍ നേരെ ഇറ്റലിയിലേക്ക് വണ്ടിപിടിച്ചോ . അവിടെ കിട്ടും വെറും 87 രൂപക്ക് ഒരു വീട്. വാടകയ്ക്കല്ല, സ്വന്തമായിട്ടുതന്നെ കിട്ടും. ഇത് തമാശയല്ല. വെറും ഒരു യൂറോയ്ക്ക്(87 രൂപ) വീടു നല്‍കുന്ന പദ്ധതി ഇറ്റാലിയന്‍ അധികൃതരാണ് നടപ്പിലാക്കുന്നത്.
ഇറ്റലിയിലെ സിസിലിയ്ക്ക് അടുത്തുള്ള സലേമിയിലാണ് താമസക്കാരെ കാത്തുകുറഞ്ഞ വിലയ്ക്ക് വീടുകള്‍ ഉള്ളത്. ചെറിയ വിലക്ക് വീടു നല്‍കാന്‍ ഒരു കാരണമുണ്ട്.
ഒരുകാലത്ത് ധാരാളം ആളുകള്‍ തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്ന ഈ ടൗണ്‍ ഇന്ന് ഏതാണ്ട് ഉപേക്ഷിക്കപെട്ട നിലയിലാണ്. ആളുകള്‍ താമസത്തിനെത്തുന്നില്ല. 1968 ല്‍ ഉണ്ടായ ഭൂമികുലുക്കത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ധാരാളം മരിച്ചു. മറ്റുള്ളവര്‍ നാടുവിട്ടു. വീടുകള്‍ പലതും തകര്‍ന്നു. കാലക്രമേണ ഇവിടം ആളുകള്‍ താമസത്തിനായി തിരഞ്ഞെടുക്കാത്ത നിലയിലായി.
ഇപ്പോഴാണ് ഈ ടൗണില്‍ പുനരുദ്ധാരണത്തിന് തുടക്കമായത്. ആദ്യം ഇവിടേക്കുള്ള റോഡുകള്‍, വൈദ്യതി ബന്ധം , വാട്ടര്‍ കണക്ഷന്‍ എന്നിവ ശരിയാക്കുകയാണ് അധികൃതര്‍ ചെയ്തത്. കൂടുതല്‍ ആളുകളെ കൂടുതല്‍ ഇവിടേക്ക് ആകര്‍ഷിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.
വീടുകള്‍ ഒരു യൂറോ മുതല്‍ ലേലത്തില്‍ വയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ചുണ്ണാമ്പ് കല്ലില്‍ ആണ് ഇവിടുത്തെ മിക്ക വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകള്‍ ലേലത്തില്‍
വാങ്ങാം. എന്നാല്‍ വാങ്ങുന്ന ആളുകള്‍ 3,000 യൂറോ ഡിപ്പോസിറ്റ് മണിയായി നല്‍കണം. ഇത് മൂന്നുവര്‍ഷത്തിനുളളില്‍ തിരികെ ലഭിക്കും. ട്രപ്പനി എയര്‍പോര്‍ട്ടാണ് ഇവിടേക്ക് എത്താന്‍ ഏറ്റവും അടുത്ത വിമാനത്താവളം. നദികളും മലകളുമായി ചുറ്റപെട്ട് കിടക്കുന്ന ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 450 അടി ഉയരത്തിലാണ്.