പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി മറികടന്നാവും പബ്ജിയുടെ തിരിച്ചുവരവ്.

ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റുമൊത്ത് വിവര സംരക്ഷണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പബ്ജിയുടെ പാരന്റിങ് കമ്പനിയായ ക്രാഫ്റ്റണ്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും മൈക്രോസോഫ്റ്റിനെ ആഗോള പങ്കാളിയാക്കിയതായി ക്രാഫ്റ്റണ്‍ അറിയിച്ചു.

മൈക്രോസോഫ്റ്റിന്റെ കമ്ബനിയായ അസ്യൂറുമായി ചേര്‍ന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ പ്രവര്‍ത്തിക്കുക. അസ്യൂറിനു കീഴില്‍ പബ്ജി കംപ്യൂട്ടര്‍ ഗെയിമും മൊബൈല്‍ ആപ്പും ഉള്‍പ്പെടും.ഇന്ത്യയില്‍ അഞ്ചുകോടി സജീവ ഉപയോക്താക്കളാണ് പബ്ജിക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിരോധനം വന്നതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയതായി പബ്ജി പ്രഖ്യാപിച്ചിരുന്നു.