ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ‘ആപ്പിലായി’; നഷ്ടപ്പെട്ടത് 9 ലക്ഷം രൂപ


അജഞാതന്‍ ആവശ്യപ്പെട്ടതനുസരിച്ച് മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോടെ നാഗ്പൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒമ്പത് ലക്ഷം രൂപ.
തട്ടിപ്പിനിരയായ അശോക് മന്‍വതെയുടെ പതിനഞ്ചുകാരനായ മകനോടാണ് അശോകിന്റെ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അജ്ഞാതന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
മകന്റെ കൈവശമായിരുന്ന അശോകിന്റെ ഫോണിലേക്ക് അജ്ഞാതനമ്പറില്‍ നിന്ന് കോള്‍ എത്തി. ഡിജിറ്റല്‍ പെയ്‌മെന്റ് സ്ഥാപനത്തിന്റെ കസറ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവാണെന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. കൂടാതെ അശോകിന്റെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്റെ ബാങ്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വിളിച്ചയാള്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ ഡിജിറ്റല്‍ പണമിടപാടിന്റെ ക്രെഡിറ്റ് പരിധി വര്‍ധിപ്പിക്കാന്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ആയതിന് തൊട്ടു പിന്നാലെ അശോകിന്റെ അക്കൗണ്ടില്‍ നിന്ന് 8.95 ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടു.
തട്ടിപ്പിനെ കുറിച്ച് അശോക് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.