ജനുവരി മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധം

ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് പുതുവര്‍ഷം മുതല്‍ എല്ലാ നാലു ചക്രവാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.നാലു ചക്രമുള്ളതും എം, എന്‍ വിഭാഗങ്ങളില്‍ പെടുന്നതുമായ പഴയ വാഹനങ്ങള്‍ക്കും 2021 ജനുവരി ഒന്നു മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാണെന്നാണു കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
മോട്ടോര്‍ വാഹന നിയമ(സി എം വി ആര്‍)ത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണു 2017 ഡിസംബര്‍ ഒന്നിനു മുമ്പ് വിറ്റ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബര്‍ ഒന്നിനു ശേഷം വിറ്റ നാലു ചക്രവാഹനങ്ങള്‍ക്ക് നേരത്തെ തന്നെ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു.പുതിയ വാഹനങ്ങളില്‍ വില്‍പനവേളയില്‍തന്നെ പതിക്കാനായി വാഹന നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ‘ഫാസ്റ്റാഗ്’ ലഭ്യമാക്കുന്നുണ്ട്.
ടോള്‍ പ്ലാസകളിലെ ചുങ്കപിരിവ് പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്കു മാറുന്നതോടെ ഗതാഗതക്കുരുക്കും അതുവഴിയുള്ള സമയനഷ്ടവും ഒഴിവാക്കാനാവും.പ്രീപെയ്ഡ് വ്യവസ്ഥയിലോ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ആണു ഫാസ്റ്റാഗ് വിതരണമെന്നതിനാല്‍ പണം കൈമാറ്റം ഉടനടി നടക്കും.ബാര്‍ കോഡ് റീഡറുകളാണു ഫാസ്റ്റാഗ് വിവരം ശേഖരിക്കുന്നത് എന്നതിനാല്‍ പ്ലാസയില്‍ ടോള്‍ പിരിവിനായി വാഹനം നിര്‍ത്തേണ്ട ആവശ്യമില്ല.