ബിഗ്ബാസ്‌കറ്റിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ‍ വില്‍പ്പനക്ക്; സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നേക്കാം

ഓണ്‍ലൈന്‍ പലചരക്ക് വില്പന പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് വിവരംപുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ 40,000 ഡോളറിലേറെ വിലയ്ക്ക് ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബിലുള്ളത്.
ഉപഭോക്താക്കളുടെ സാമ്പത്തികമടക്കമുള്ള വ്യക്തിവിവരങ്ങള്‍ ചൂഷണം ചെയ്യപ്പെടന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോര്‍ച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ക്രഡിറ്റ് കാര്‍ഡ് അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി ആവകാശപ്പെടുന്നുണ്ട്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌കറ്റ് സിറ്റി പോലീസിന്റെ സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.