ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; 300 കോടിയുടെ അനധികൃത ഇടപാട്

This is an external view of the hospital.

തിരുവല്ല: മൂന്ന് ദിവസമായി ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ നടന്നുവന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് ആറായിരം കോടി രൂപ ലഭിച്ചിട്ടുള്ളതായി റെയ്ഡില്‍ കണ്ടെത്തി.

റെയ്ഡിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ബാത്ത് റൂമിലേക്കോടി. നിലത്തെറിഞ്ഞുടച്ച ശേഷം ഫ്‌ളെഷ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വൈദികനെ പിടിച്ചു മാറ്റി തകര്‍ന്ന ഫോണ്‍ കൈക്കലാക്കി. നിര്‍ണായകമെന്ന് കരുതപ്പെടുന്ന ഒരു പെന്‍ഡ്രൈവ് സ്ഥാപനത്തിലെ ജീവനക്കാരി നശിപ്പിക്കാന്‍ നോക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൊണ്ട് നടന്നില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആറായിരം കോടി രൂപയുടെ വിദേശസഹായമാണ് ബിലീവേഴ്‌സ് ചര്‍ച്ച് കൈപ്പറ്റിയിരിക്കുന്നത്. പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടിയുടെ അനധികൃത പണം റെയ്ഡില്‍ പിടികൂടി. ഇതില്‍ ഏഴ് കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കണ്ടെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന സഹായം റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് വക മാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തല്‍.

കെ പി യോഹന്നാനും മറ്റൊരു പ്രധാനിയായ ഫാദര്‍ ഡാനിയേല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.