ഓക്കി ഗെയിമിംഗില്‍ നിക്ഷേപം ഇറക്കി കാജല്‍ അഗര്‍വാള്‍


തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന് മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഓക്കി ഗെയിമിംഗില്‍ നിക്ഷേപം. അഗര്‍വാള്‍ കമ്പനിയില്‍ 15 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയെന്നാണറിയുന്നത്. ഇതോടെ നടി ഓക്കി ഗെയിമിംഗില്‍ ബോര്‍ഡ് അംഗമായി ചേരും. ജിതിന്‍ മസന്ദ് സ്ഥാപിച്ച ഓക്കി ഗെയിമിംഗ് ഓക്കി വെന്‍ചേഴ്‌സിന് കീഴിലുള്ള ഒരു സ്വയം ധനസഹായ കമ്പനിയാണ്. കാജല്‍ അഗര്‍വാള്‍ ആണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്ന ആദ്യ വ്യക്തി.
ഗെയിമിംഗ് വ്യവസായം ഇപ്പോള്‍ കുതിച്ചുയരുന്ന ഒന്നാണ്. ഈ മേഖലയുടെ ഭാഗമാകാനുള്ള ശരിയായ സമയമാണിതെന്നും ഗെയിം ഇഷ്ടപ്പെടുന്ന ആളെന്ന നിലയില്‍ നൂതനവും മികച്ചതുമായ ഗെയിമുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാജല്‍ അഗര്‍വാള്‍ പറഞ്ഞു. ഓക്കി ഗെയിമിംഗിലൂടെ, ഇന്ത്യയിലെ വനിതാ ഗെയിം കളിക്കാരെ സ്വാധീനിക്കാനും പുതിയ വഴികള്‍ തുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കാജല്‍ അഗര്‍വാള്‍ പറഞ്ഞു.
ബിസിനസ് പങ്കാളിയായി കാജലിനെ ഓക്കി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഓക്കി വെന്‍ചേഴ്‌സ് എംഡി മസന്ദ് പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ 25 ഗെയിമുകള്‍ കമ്പനി പുറത്തിറക്കുമെന്നും മസന്ദ് പറഞ്ഞു. സ്മാര്‍ട്ട് ഹൌസി, ഫാന്റസി ക്രിക്കറ്റ്, സ്മാര്‍ട്ട് നമ്പര്‍ ക്വിസ്, ലുഡോ, ക്രിക്കറ്റ്, സ്മാര്‍ട്ട് വേഡ്‌സ്, അതുപോലെ തന്നെ ജനപ്രിയ പ്രാദേശിക കായിക വിനോദങ്ങളായ വള്ളം കളി (ബോട്ട് റേസിംഗ്, കേരളം), ഡാഹി ഹാന്‍ഡി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ദേശി സ്‌പോര്‍ട്‌സ് ലീഗ്’ എന്നിവയിലാണ് കമ്പനി നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 10 മുതല്‍ 25 രൂപയ്ക്ക് വരെ ഗെയിമുകള്‍ കളിക്കാനും 5,000 രൂപ വരെ നേടാനും കഴിയും.