യുഎസ് തിരഞ്ഞെടുപ്പ്: റെക്കോഡ് ചെലവ്;വിനിയോഗിച്ചത് ഒരുലക്ഷം കോടി രൂപയിലധികം


അമേരിക്കയില്‍ ഇത്തവണ നടന്നത് ചരിത്രതത്തിലെ ഏറ്റവും ചെലവേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ദി സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സ് എന്ന റിസര്‍ച്ച് ഗ്രൂപ്പിന്റെ അനുമാനപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവായത് 14 ബില്യണ്‍ യുഎസ് ഡോളറാണ്. ഏതാണ്ട് 103819 കോടി രൂപ. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ ചെലവിട്ട തുകയുടെ ഇരട്ടിയോളം വരുമിത്.
ജോ ബൈഡനും ഡൊണാള്‍ഡും ട്രംപ് കനത്ത പോരാട്ടമായതോടെയാണ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിലായത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘടകമാണ് പണം. പല സ്ഥാനാര്‍ത്ഥികളും മത്സരത്തിന്റെ പാതിവഴിയില്‍ പണമില്ലാത്തതിനാല്‍ പന്‍മാറാറുണ്ട്.
ചരിത്രത്തില്‍ ആദ്യമായി, ഈ വര്‍ഷം ജോ ബൈഡന്‍ ഒരു ബില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്ന സ്ഥാനാര്‍ത്ഥിയായി. ഡൊണാള്‍ഡ് ട്രംപ് 596 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൊത്തം ഫണ്ട് ദാതാക്കളില്‍ 22 ശതമാനം ചെറുകിടദാതാക്കളാണ്. ഇത്തരക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചത് ഡെമോക്രാറ്റുകള്‍ക്കാണ്.വെര്‍ച്വല്‍ ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമുകളും വ്യാപകമായി ഉപയോഗിച്ചു.
അമേരിക്കയിലെ രാഷ്ട്രീയ കക്ഷികള്‍ ഇത്തവണ ഫേസ്ബുക്ക്, ഗൂഗ്ള്‍ വഴിയുള്ള പ്രചാരണ പരിപാടികള്‍ക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി ഓപ്പണ്‍ സീക്രട്ട്‌സ് ഓണ്‍ലൈന്‍ ആഡ്‌സ് ഡാറ്റാബേസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.