സര്‍ക്കാര്‍ മദ്യ ഉല്‍പാദനത്തിലേക്ക്; ഇറക്കുക കേരളത്തിന്റെ ‘ഫെനി’


കശുമാങ്ങയില്‍നിന്ന് ‘ഫെനി’ ഉല്‍പാദിപ്പിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു. ഇതിനായുള്ള േപ്രാജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍.
കിറ്റ്‌കോയാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അനുമതി ലഭിക്കുന്നതോടെ കോര്‍പ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിലാണ് ഉത്പാദനം ആരംഭിക്കുക. ഫെനിയുടെ വില്‍പ്പന എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. ഫെനി ഉത്പാദനത്തിനായി 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ, ഫെനി ഉത്പാദനത്തിലൂടെ 100 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നുണ്ട്.
ഡിസംബറില്‍ ആരംഭിക്കുന്ന കശുവണ്ടി സീസണ്‍ മാര്‍ച്ച് വരെ നീളും. ഈ സീസണില്‍ത്തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കിലോയ്ക്ക് 3.75 രൂപ കൊടുത്ത് കര്‍ഷകരില്‍നിന്ന് മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. കശുമാങ്ങയുടെ ലഭ്യത കുറഞ്ഞാല്‍ മറ്റു പഴങ്ങളില്‍ നിന്നും ഫെനി നിര്‍മിക്കാനും കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നുണ്ട്.