ഐ.പി.എല്ലിലേക്ക് പുതിയൊരു ടീം കൂടി; അദാനിയുടെ ഉടമസ്ഥതയിലെന്ന് സൂചന

2021ല്‍ നടക്കുന്ന ഐ.പി.എല്‍ 14ാം സീസണില്‍ ഒമ്പതാമത് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐക്ക് പദ്ധതി. അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമയെന്നാണ് സൂചന. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനം അഹമ്മദാബാദായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണികഴിപ്പിച്ച മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.
അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ മെഗാലേലം 2021 തുടക്കത്തില്‍ തന്നെ ഉണ്ടാകും. ഇക്കാര്യം ബിസി.സി.ഐ അതത് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡ് വ്യാപനം മൂലം ഐപിഎല്‍ 13ാം സീസണ്‍ യുഎഇയിലെ മൂന്നു വേദികളിലായാണ് സംഘടിപ്പിച്ചതെങ്കിലും, അടുത്ത സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ശ്രമമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സൂചന നല്‍കിയിരുന്നു. ഇതിനായുള്ള ശ്രമങ്ങളും ബിസിസിഐ ആരംഭിച്ചു.