14 സംസ്ഥാനങ്ങള്‍ക്ക് 6195 കോടി രൂപ കേന്ദ്ര സഹായം; കേരളത്തിന് 1277 കോടി

14 സംസ്ഥാനങ്ങള്‍ക്ക് 6195.08 കോടി രൂപയുടെ വരുമാന കമ്മി ഗ്രാന്റ് കേന്ദ്രം അനുവദിച്ചു. എട്ട് തുല്യമായ പ്രതിമാസ ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് തുക കൈപ്പറ്റാം. 15ാമത് ധനകാര്യ കമ്മീഷന്റെ ഇടക്കാല ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുവദിച്ചത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഗ്രാന്റായി ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് കേരളത്തിനാണ്. 1277 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടി രൂപയും പഞ്ചാബിന് 638 കോടി രൂപയുമാണ് ലഭിച്ചത്.

ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന കുറവിനുള്ള പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 16 സംസ്ഥാനങ്ങള്‍ക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 6,000 കോടി രൂപ ധനമന്ത്രാലയം അടുത്തിടെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 14 സംസ്ഥാനങ്ങള്‍ വരുമാന കമ്മി ഗ്രാന്റ് ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസും ലോക്ക്‌ഡൌണുകളും കാരണം കേന്ദ്രവും സംസ്ഥാനങ്ങളും രൂക്ഷമായ വരുമാന ക്ഷാമമാണ് നേരിടുന്നത്. ജിഎസ്ടി വരുമാനത്തിലും വലിയ കുറവുണ്ടായി. ഒക്ടോബറില്‍ മാത്രമാണ് ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം രൂപ കടന്നത്.