മുത്തൂറ്റ് ഫിനാന്‍സ് എംഎസ്‌സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെ നവംബര്‍ 30 മുതല്‍ എംഎസ്സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്‍ഡെക്‌സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍ ഉള്‍പ്പെടുത്തും. സൂചികകള്‍ സംബന്ധിച്ച എംഎസ്സിഐയുടെ അര്‍ധവാര്‍ഷിക അവലോകനത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ സൂചികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉള്‍ക്കൊള്ളുന്നതാണ് എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചിക. സെപ്തംബര്‍ പാദത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ കണക്കുകള്‍ പുറത്തുവന്നതും അടുത്തിടെയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റദായം 25 ശതമാനം വര്‍ധിച്ച് 1735 കോടി രൂപയിലാണ് എത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 1388 കോടി രൂപയായിരുന്നു.