ചെന്നൈ: 250 സിസി യ്ക്കും 750 സിസി യ്ക്കും ഇടയില്‍ വരുന്ന ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ആഗോള തലത്തിലെ ഒന്നാം സ്ഥാനക്കാരായ റോയല്‍ എന്‍ഫീല്‍ഡ് ഈസി ക്രൂയിസര്‍ മെറ്റിയോര്‍ 350 വിപണിയിലെത്തിച്ചു. ഹൈവേകളിലും നഗരപ്രദേശങ്ങളിലും അനായാസ യാത്രയ്ക്ക് സഹായകമായ മെറ്റിയോര്‍ 350-ന്റെ വില 1,75,817 രൂപയില്‍ തുടങ്ങുന്നു.(എക്സ്- ഷോറൂം, ചെന്നൈ). ബുക്കിങ് ആരംഭിച്ചു.
ചെന്നൈയിലെയും യുകെയിലെ ബ്രന്ഡിങ്തോര്പ്പിലെയും ടെക്നിക്കല്‍ സെന്ററുകളില്‍നിന്നുള്ള എഞ്ചിനീയര്‍മാരും ഡിസൈനേര്മാരും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത മെറ്റിയോര്‍ 350 തികച്ചും ആകര്‍ഷകമായ മോട്ടോര്‍ സൈക്കിളാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ തനതായ കുലമഹിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു മികച്ച ആധുനിക മോട്ടോര്‍ സൈക്കിള്‍ രൂപ കല്‍പ്പന ചെയ്യാന്‍ ഗുണമേന്മയേറിയ മെക്കാനിക്കല്‍ ഫിറ്റിങ്സ്, ഫിനിഷ് എന്നിവയിലൂടെ സാധിച്ചു. 349 സിസി എയര്‍-ഓയില്‍ കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ 20.2 ബി എച് പി കരുത്തും 4000 ആര് പി എമ്മില്‍ 27 എന്‍ എം ടോര്‍ക്കും മെറ്റിയോര്‍ 350 പ്രദാനം ചെയ്യുന്നു. ക്രൂയിസറിന്റെ അടിസ്ഥാന സ്വഭാവമായ അമര്‍ച്ചയ്ക്ക് ഇത് സഹായകമാകുന്നു. 5-സ്പീഡ് ഗിയര്‍ ബോക്സില്‍ അഞ്ചാമത്തെ ഗിയര്‍ ഹൈവേയില്‍ അനായാസവും ഇന്ധനം ലാഭിക്കുന്ന വിധത്തിലുമുള്ള യാത്രയ്ക്ക് ഓവര്ഡ്രൈവായി ഉപയോഗപ്പെടുത്താവുന്നതാണ്.
റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ടിബിടി (ടേണ്‍ – ബൈ- ടേണ്‍ ) നാവിഗേഷന്‍ പോഡ്, മെറ്റിയോര്‍ 350- ലെ പ്രത്യേകതയാണ്. ഗൂഗിള്‍ മാപ്സ് അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍, ലക്ഷ്യസ്ഥാനത്തെത്താനുള്ള ഏറ്റവും മികച്ച റൂട്ട് കാട്ടിത്തരുന്നു. വേറൊരു ഇന്ത്യന്‍ നിര്‍മ്മിത മോട്ടോര്‍ സൈക്കിളിലും ഈ സംവിധാനമില്ലെന്ന് ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്റ്റര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.
മെറ്റിയോര്‍ 350 ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് മോഡലുകളില്‍ ലഭ്യമാണ്. സൂപ്പര്‍നോവ പ്രീമിയം മോഡലാണ്. വില യഥാക്രമം 1,75,817 രൂപ, 1,81,326 രൂപ,1,90,536 രൂപ എന്നിങ്ങനെയാണ്.7 നിറങ്ങളില്‍ ലഭിക്കും. കൂടാതെ ഈയിടെ അവതരിപ്പിച്ച ‘മേയ്ക്ക് ഇറ്റ് യുവേഴ്സ്’ ഉപയോഗിച് വേറൊരു 8 നിറങ്ങള്‍ കൂടി സ്വായത്തമാക്കാവുന്നതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കെ. ദാസരി പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ ഷോറൂമുകളെ സമീപിച്ചോ ഇത് സാദ്ധ്യമാണ്. ഇഷ്ട്ട നിറത്തിനു പുറമെ മോട്ടോര്‍ സൈക്കിളില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആവശ്യമാണോ അതൊക്കെ ആപ്പിലൂടെ അറിയിക്കാം. ആ മാറ്റങ്ങളോടുകൂടിയ മോട്ടോര്‍ സൈക്കിളാണ് നിങ്ങള്‍ക്ക് ചെന്നൈയിലെ ഫാക്ടറിയില്‍ നിന്ന് എത്തുക.