സാമ്പത്തികരംഗം തിരിച്ചു പിടിക്കാന്‍ മൂന്നാം ഉത്തേജന പാക്കേജ്


സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ ക്ഷീണത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ വേണ്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് കേന്ദ്രം ഇന്‍സെന്റീവും നല്‍കും. ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.
65,000 കോടി രൂപയുടെ രാസവള സബ്‌സിഡി പ്രഖ്യാപിച്ചു.
കൊവിഡ് വാക്‌സിനെ കുറിച്ചുള്ള ഗവേഷണത്തിനും വികസനത്തിനുമായി 900 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനാണ് ഈ തുക ലഭിക്കുക.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (എന്‍ഐഐഎഫ്) ഡെറ്റ് പ്ലാറ്റ്‌ഫോമില്‍ 6,000 കോടി രൂപയുടെ ഓഹരി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കായി 1.1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ എന്‍ഐഐഎഫിനെ ഇത് സഹായിക്കും.
നഗരങ്ങളിലെ ഭവന നിര്‍മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിര്‍മാണത്തിനാണ് ഈതുക വിനിയോഗിക്കുക.
അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം നല്‍കി.
ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചു.

തിരഞ്ഞെടുത്ത 10 മേഖലകളില്‍ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളായി 1.46 ലക്ഷം കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്കും തദ്ദേശീയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ നടപടി സഹായകരമാവും.