പൊതുമേഖല സ്ഥാപനങ്ങളോട് ലാഭവിഹിതം കൂട്ടി നല്‍കാന്‍ നിര്‍ദേശം

സര്‍ക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തില്‍ ലാഭവിഹിതം നല്‍കാന്‍ നിര്‍ദേശം. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഓഹരിയൊന്നിന് പത്തുരൂപയിലധികം നല്‍കുന്ന കമ്പനികള്‍ പാദവാര്‍ഷികമായി ലാഭവിഹിതം നല്‍കുന്നകാര്യം പരിഗണിക്കണം. . കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സ്ഥിരമായി പാദവാര്‍ഷിക ലാഭവിഹിതം നല്‍കുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകരമാകും. അതിലൂടെ ഓഹരി വിപണിയില്‍ പൊതുമേഖല കമ്പനികള്‍ക്ക് മുന്നേറ്റംനടത്താനാകുമെന്നും ദിപാം കണക്കുകൂട്ടുന്നു.
നിലവിലെ മാനദണ്ഡമനുസിരിച്ച് പൊതുമേഖല സ്ഥാപനങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ലാഭവിഹിതം വിതരണംചെയ്യുന്നത്. നികുതികിഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്തിയുടെ അഞ്ചുശതമാനമോ ഏതാണ് ഉയര്‍ന്നത് അതാണ് ലാഭവിഹിതമായി നല്‍കിവരുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 43,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ ലാഭവിഹിതം നല്‍കിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 66,000 കോടി രൂപയെങ്കിലും ഈയിനത്തില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.