ജീവനക്കാര്‍ക്ക് ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ആപ്പിളിന്റെ ബോണസ്

കോവിഡ് സമയത്ത് ചൈനയില്‍ നിന്നു മാറ്റിയ ജീവനക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ ആപ്പിള്‍ അവസരമൊരുക്കുന്നു. ഇങ്ങനെ പോകുന്നവര്‍ക്ക് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയിലേക്ക് മടങ്ങാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭീമന്‍ ബോണസാണ് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലേക്ക് പോകേണ്ട ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ ഒക്‌ടോബറില്‍ കമ്പനി നീക്കിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സന്നദ്ധരാകുന്ന ജീവനക്കാര്‍ക്ക് അവിടുത്തെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വലിയ തുകയും ബോണസായി നല്‍കുമെന്ന് അറിയിച്ചു.
മുമ്പ് ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആപ്പിള്‍ ജീവനക്കാര്‍ക്ക് 10 ദിവസത്തെ ബിസിനസ്സ് യാത്ര നടത്തി അമേരിക്കയിലേക്കു മടങ്ങാമായിരുന്നു. എന്നാല്‍, പുതിയ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്, ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു ജോലിക്കാരനും കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും അവിടെ താമസിക്കേണ്ടതുണ്ട്, കാരണം, രണ്ടാഴ്ച്ചയോളം അവിടെ ഐസൊലേഷനില്‍ കഴിയണം.
ഈ 14 ദിവസങ്ങളില്‍ കമ്പനി തെരഞ്ഞെടുത്ത ചെലവ് കുറഞ്ഞ ഹോട്ടലുകളില്‍ കഴിയണം. അവര്‍ക്ക് ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവും ലഭിക്കുകയില്ല. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് വേണം രണ്ടാഴ്ച കഴിയാന്‍. വസ്ത്രങ്ങളും സ്വയം വൃത്തിയാക്കേണ്ടതുണ്ട. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്നത് തൊഴിയാളികള്‍ക്ക് ബുദ്ധിമുട്ടാണെന്നു മനസിലാക്കിക്കൊണ്ടാണ്, ആപ്പിള്‍, ചൈനയിലേക്കു പോകാന്‍ സന്നദ്ധരാകുന്ന തൊഴിലാളിക്കു ദിവസം 500 ഡോളര്‍ (37,315 രൂപ) ബോണസ് വാഗ്ദാനം ചെയ്യുന്നത്.