അസ്സമില്‍ നിധി കണ്ടെത്താനായി മക്കളെ ബലി നല്‍കാന്‍ ശ്രമം

ഗുവഹാട്ടി: നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നല്‍കാനുള്ള നീക്കം പോലീസ് തടഞ്ഞു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമവാസികളാണ് നരബലി നടത്താന്‍ ശ്രമം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസിനെ അറിയിച്ചു. ഗുവഹാട്ടിയില്‍നിന്ന് 370 കിലോമീറ്റര്‍ അകലെയാണിത്.
ഇവിടെയുള്ള ജാമിയുര്‍ ഹുസൈന്‍, ഷരീഫുള്‍ ഹുസൈന്‍ എന്നിവര്‍ ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നല്‍കാന്‍ ഒരുങ്ങുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്.
മക്കളെ ബലി നല്‍കിയാല്‍ ഇവരുടെ വീട്ടിന് സമീപം മാവിന്‍ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്താന്‍ കഴിയുമെന്ന് വ്യാജ സിദ്ധന്‍ ഇവരോട് പറഞ്ഞുവത്രേ.
കുട്ടികളെ കുടുംബാംഗങ്ങള്‍ തടവിലാക്കിയെന്ന സംശയം ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വിവരം അവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ കുടുംബം ഇത് നിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം അസമിലെ ഉഡാല്‍ഗിരി ജില്ലയില്‍നിന്ന് ഒരുകുട്ടിയെ നരബലിക്ക് തൊട്ടുമുമ്പ് രക്ഷപ്പെടുത്തിയിരുന്നു. 2013 ല്‍ ഒരാള്‍ 13 വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയിരുന്നു.