ആകര്‍ഷകമായ സര്‍വീസ് പാക്കേജുകളുമായി കിയ

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യ വാഹനങ്ങള്‍ക്ക് പുതിയ സര്‍വീസ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. വാഹനം കൊണ്ടു പോയി സര്‍വീസ് പൂര്‍ത്തിയാക്കി തിരിച്ചെത്തിക്കുന്നതിനൊപ്പം ഉടമസ്ഥര്‍ക്ക് സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പരിപാലന പാക്കേജും
കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

‘മൈ കണ്‍വീനിയന്‍സ്’ പദ്ധതി പ്രകാരമാണു വാഹന ഉടമസ്ഥര്‍ക്കു സ്വന്തം താല്‍പര്യം അനുസരിച്ചുള്ള സര്‍വീസ് പാക്കേജ്
തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. വാഹനം വാങ്ങുമ്പോള്‍ തന്നെ ദീര്‍ഘകാല സര്‍വീസ് പാക്കേജും തിരഞ്ഞെടുക്കാം.
ഇതിനു ശേഷം ഉടമകള്‍ക്കു സവിശേഷ വാഹനപരിപാലന പാക്കേജും തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. പ്രിവന്റീവ് കെയര്‍(അണ്ടര്‍
ബോഡി കോട്ടിങ്ങും എലിയും പാറ്റയും പോലുള്ള ജന്തുക്കളില്‍ നിന്നു പ്രതിരോധവും), ഫ്രഷ് കെയര്‍(ഇന്റീരിയര്‍
എക്സ്റ്റീരിയര്‍ പരിപാലനം), എ സി കെയര്‍(എസി ഇവാപ്പൊറേറ്റര്‍ ശുചീകരണവും അണുവിമുക്തമാക്കലും), ഹൈജീന്‍ കെയര്‍
(ഫ്യുമിഗേഷന്‍, കാര്‍ബണ്‍ എയര്‍ ഫില്‍റ്റര്‍) എന്നീ പാക്കേജുകളാണു കിയ ഒരുക്കിയിരിക്കുന്നത്. പാക്കേജ്
പ്രാബല്യത്തിലിരിക്കെ സൗജന്യ അലോയ്/വീല്‍ കെയര്‍ സര്‍വീസും മറ്റെന്തെങ്കിലും സേവനം ഉപയോഗിക്കുന്ന പക്ഷം 10%
നിരക്ക് ഇളവും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.