ഒമാനില്‍ വീസ കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ മടങ്ങാം;ഇപ്പോള്‍ അപേക്ഷിക്കാം

വീസ കാലാവധി കഴിഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഞായറാഴ്ച മന്ത്രാലയം വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുക. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും. മന്ത്രാലയം വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിപ്പാര്‍ച്ചര്‍ എന്ന ലിങ്കില്‍ നേരിട്ടോ സനദ് സര്‍വീസ് സെന്ററുകള്‍ വഴിയോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഏഴ് ദിവസങ്ങള്‍ക്കകം മടക്ക യാത്രാ അനുമതി ലഭിക്കും.
റജിസ്‌ട്രേഷന്‍ സമയം ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ പരിശോധിക്കാം. ടിക്കറ്റ്, യാത്രാ അനുമതി പത്രം, പിസിആര്‍ പരിശോധന ഫലം തുടങ്ങിയവ സഹിതം വിമാനത്താവളത്തില്‍ ഏഴ് മണിക്കൂര്‍ മുമ്പ് എത്തണം. വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയം ഓഫീസില്‍ എത്തിയാണ് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

മടങ്ങാന്‍ അപേക്ഷ നല്‍കിയവരുടെ പേര് വിവരങ്ങള്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ദീകരിക്കും. തൊഴില്‍ ഉടമകള്‍ക്ക് ഇത് പരിശോധിച്ച് പരാതിയുണ്ടെങ്കില്‍ പറയാം.
പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ എംബസികളുമായി ബന്ധപ്പെട്ട് പുതുക്കേണ്ടതാണ്. വിവരങ്ങള്‍ എംബസികള്‍ക്കും ലഭ്യമാക്കും.