കൊച്ചി-മംഗളൂരു ഗ്യാസ് പൈപ്പ് ലൈന്‍ കമ്മീഷനിങ് ഉടന്‍; സംസ്ഥാനത്തിന് ലഭിക്കുക വര്‍ഷം തോറും 1000 കോടി നികുതി


ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായി. ഈയാഴ്ചതന്നെ കുഴലിലൂടെ പ്രകൃതിവാതകമെത്തിച്ച് കൊച്ചിമുതല്‍ മംഗളൂരുവരെയുള്ള പ്രകൃതിവാതകക്കുഴല്‍ സമ്പൂര്‍ണ കമ്മിഷനിങ് നടക്കും. ഇതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടിയോളം രൂപ കിട്ടും.
കൊച്ചിയില്‍നിന്ന് തൃശ്ശൂര്‍വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റര്‍ കുഴല്‍ 2019 ജൂണില്‍ കമ്മിഷന്‍ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജങ്ഷന്‍. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്‌വാളയാര്‍ പ്രകൃതിവാതകക്കുഴല്‍ ജനുവരിയോടെ കമ്മിഷന്‍ ചെയ്യും.
അതതു പ്രദേശങ്ങളില്‍ അനുമതി ലഭിച്ചിട്ടുള്ള കമ്പനികള്‍ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും എത്തിക്കും.