ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം: നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിയന്ത്രണം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍.
ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനമാണ്. ഇതില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിച്ചവര്‍ കുറയ്ക്കണമെന്നാണ് നിര്‍ദേശം. തിങ്കളാഴ്ചയാണ് ഇതു
സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയത്.
26 ശതമാനത്തില്‍ കുറവ് വിദേശ നിക്ഷേപമുളള കമ്പനികള്‍ ഒരുമാസത്തിനുള്ളില്‍ ഓഹരികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം നല്‍കണം.ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഓഹരിഉടമകള്‍ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കണം. നിലവില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ കൂടുതല്‍ ഉളള കമ്പനികളും റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ഒക്ടോബര്‍ 15നുളളില്‍ വിദേശനിക്ഷേപം 26 ശതമാനത്തിന് താഴെയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.