പറക്കല്‍ ചാമ്പ്യന്‍ പ്രാവിന് വില 14 കോടി രൂപ; താരമായി ന്യൂ കിം

ബ്രസ്സല്‍സ്: ലോകത്തിലെ ഏറ്റവും വിലകൂടിയ പ്രാവാണ് ന്യൂ കിം. 1.6 ദശലക്ഷം യൂറോയാണ് വില. അതായത് ഏകദേശം 14 കോടി 15 ലക്ഷത്തിലധികം രൂപ. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ലേലത്തില്‍ ഈ ഉയര്‍ന്നവിലക്ക് ന്യൂ കിമ്മിനെ സ്വന്തമാക്കിയത് പേര് വെളിപ്പെടുത്താത്ത ചൈനീസ് പൗരനാണെന്ന് ഓണ്‍ലൈന്‍ ലേലവ്യാപാരസംഘാടകരായ പീജിയന്‍ പാരഡൈസ് വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലം 1.25 ദശലക്ഷം യൂറോയ്ക്ക് വിറ്റു പോയ ആണ്‍പ്രാവിന്റെ റെക്കോഡാണ് ഈ വില്‍പനയിലൂടെ തകര്‍ന്നതെന്ന് പിഐപിഎ ചെയര്‍മാന്‍ നിക്കോളാസ് ഗൈസല്‍ബ്രെച്ച് പറഞ്ഞു.
വെറും 200 യൂറോയ്ക്കാണ് ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത്. വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യനാണ് ന്യൂ കിം. രണ്ട് വയസ് പ്രായമുള്ള കിമ്മിനെ ബ്രീഡ് ചെയ്യുന്നതിനാണ് ചെനീസ് സ്വദേശി വാങ്ങിയതെന്ന് പിഐപിഎ അറിയിച്ചു.
ചൈനയിലെ പറക്കല്‍ പന്തയങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികളാണ് ഏറെയും വിജയികളാവാറുള്ളത്. ഇത്തരം പന്തയങ്ങള്‍ക്കുള്ള സമ്മാനത്തുക വലുതായതിനാല്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമാണ്.
പന്തയത്തില്‍ പങ്കെടുക്കുന്ന പക്ഷികള്‍ക്ക് നൂറ് കണക്കിന് കിലോമീറ്റര്‍ പറക്കാനുള്ള കഴിവുണ്ട്. കൂടാതെ സ്വന്തമിടങ്ങളിലേക്ക് മടങ്ങിയെത്താനും ഇവയ്ക്കാവും.