ഇന്ത്യയില്‍ അയല്‍ രാജ്യങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നതിന് ഇളവ് നല്‍കിയേക്കും


ഇന്ത്യയുമായി അയല്‍രാജ്യങ്ങള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇവര്‍ക്ക് 26 ശതമാനം വരെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയേക്കും. ചൈനയും ഹോങ്കോങും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ ഇളവ് ലഭിച്ചേക്കും. അതേസമയം, പാകിസ്താന്റെ കാര്യത്തിലുള്ള നിലപാട് വ്യക്തമല്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം പഠിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ തുടരുകയാണെന്ന്് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. അയല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ് എന്നതാണ് പ്രധാന ഭേദഗതി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചില ഇളവുകള്‍ വേണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.