യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി

അബുദാബി: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ നല്‍കിയ സമയം ഈ വര്‍ഷം അവസാനം വരെ നീട്ടി. രാജ്യം വിടുന്നതടക്കമുള്ള ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള
അന്തിമ സമയം. എന്നാല്‍ പിന്നീടത് നവംബര്‍ 17 വരെയും ഇപ്പോള്‍ വര്‍ഷാവസാനം വരെയും നീട്ടുകയായിരുന്നു.
താമസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്. രാജ്യം വിട്ടു പോകാത്തവര്‍ കനത്ത പിഴ
ഒടുക്കേണ്ടിവരും. ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്ന് പോകുന്നവര്‍ക്ക് തിരിച്ചു വരാന്‍ യാതൊരു നിയമ തടസ്സവുമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.