എയര്‍ ഏഷ്യ ഇന്ത്യവിടുന്നു

മലേഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കമ്പനി. ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനാണിത്. ജപ്പാനിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും എയര്‍ ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഏഷ്യ ജപ്പാന്‍ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. എയര്‍ ഏഷ്യ ഇന്ത്യ ചെലവ് ചുരുക്കല്‍ സംബന്ധിച്ച അവലോകനങ്ങള്‍ നടന്നു വരികയാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറ്റവും പ്രചാരമുള്ളതും ലാഭകരവുമായ റൂട്ടുകളില്‍ മാത്രം സര്‍വ്വീസുകള്‍ നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) അഭിപ്രായത്തില്‍, ഇന്ത്യയും മലേഷ്യയും ഉള്‍പ്പെടെയുള്ള ഏഷ്യപസഫിക് മേഖലയിലെ വിമാനക്കമ്പനികളെയാണ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത്.