ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചാല്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ?

ബാങ്കിന്റെ സാമ്പത്തികനില തകരാറിലാകുന്നതിനെതുടര്‍ന്നാണ് ബാങ്കിന്റെ മേല്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നത്. ലക്ഷിമിവിലാസം ബാങ്കിന് ധനമന്ത്രാലയം മോറട്ടോറിയം പ്രഖ്യാപിച്ചതും ഈയൊരു അവസ്ഥയിലാണ്. ബാങ്ക് ബോര്‍ഡിന്റെ അധികാരം പിന്‍വലിച്ച് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
സേവിങ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം തുടങ്ങിയവ സുരക്ഷിതമാണെന്ന് ആര്‍ബിഐ പറയുന്നു. എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാനാവില്ല.
ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ നിക്ഷേപകന് കഴിയും. ബാങ്കിന്റെ ഭരണം അഡ്മിനിസ്‌ട്രേഷന് കീഴിലാകും. കാനാറ ബാങ്കിന്റെ മുന്‍ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ടിഎന്‍ മനോഹരനെ ലക്ഷ്മി വിലാസ് ബാങ്കില്‍ അഡ്മനിസ്‌ട്രേറ്ററായി നിയമിച്ചിട്ടുണ്ട്.
മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎല്‍ നിക്ഷേപിക്കുക.
ആര്‍ബിഐ തയ്യാറാക്കിയ കരട് നിര്‍ദേശപ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുലഭിക്കാന്‍ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോള്‍ ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും.
സമാനമായ നിയന്ത്രണമാണ് മുമ്പ് യെസ് ബാങ്കിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം യെസ് ബാങ്കിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്.

ലക്ഷിമിവിലാസം ബാങ്കിന്റെ പ്രശ്‌നം ബാങ്കിംഗിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍
ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ലെന്നും മൊറട്ടോറിയത്തിന് ശേഷം പണം ലഭ്യമാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.