ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സ്(മൊബൈല്‍ പ്രീമിയര്‍ ലീഗ്) കരാര്‍ ഒപ്പു വച്ചതായി ബിസിസിഐ വ്യക്തമാക്കി. 120 കോടി രൂപ വരുന്ന മൂന്നു വര്‍ഷത്തെ കരാറിനാണ് ഒപ്പു വച്ചത്. കൂടാതെ ഇന്ത്യന്‍ പുരുഷ വനിതാ ക്രിക്കറ്റ് ടീമുകളുടെ ഒഫിഷ്യല്‍ മെര്‍ച്ചന്‍ഡൈസ് പാര്‍ട്‌നര്‍മാരുമാണ് ഇവര്‍.
2016 മുതല്‍ 2020 വരെ യായിരുന്നു നൈക്കി ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സേഴ്‌സ് ആയിരുന്നത്. അവരുടെ കരാര്‍ സെപ്റ്റംബറില്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ ബിസിസിഐ പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. നിലവില്‍ ബൈജൂസാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഇതില്‍ ഇനി എംപിഎല്‍ സ്‌പോര്‍ട്‌സ് ലോഗോ കൂടി വരും.
ഓസ്‌ട്രേലിയക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന പരമ്പരകളില്‍ എംപിഎല്‍ ലോഗോ അടങ്ങുന്ന പുതിയ ജഴ്‌സിയാണ് ഇന്ത്യന്‍ താരങ്ങള്‍ അണിയുക. ജഴ്‌സിയുടെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു കമ്പനി. മെര്‍ച്ചന്‍ഡൈസ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പംഇന്ത്യന്‍ ടീം ഫാന്‍സ് ജഴ്‌സി വരെ എംപിഎല്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കും.
എംപിഎല്ലിനു കീഴിലുള്ള എംപിഎല്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് വെയര്‍, വാക്കുകള്‍, ഹാന്‍ഡ് ഗിയറുകള്‍ തുടങ്ങി വിവിധ മെര്‍ച്ചന്‍ഡൈസ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ബ്രാന്‍ഡ് ആണ്.