കോവിഡ് കാലത്ത് ലഘു സമ്പാദ്യ പദ്ധതിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക്


കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബാങ്കിങ് ഇതര ലഘു സമ്പാദ്യ പദ്ധതിക്ക് ഡിമാന്‍ഡ് ഏറി. ആറുമാസത്തിനിടെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപയാണ്.
ബാങ്ക് നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്നതാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പ്രധാന ആകര്‍ഷണം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ബാങ്കിന്റെ പലിശ കുറച്ചതും ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമായി. താഴ്ന്ന വരുമാനക്കാര്‍ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വന്‍തോതില്‍ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 130ശതമാനത്തോളവുമാണ് വര്‍ധന.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ല്‍ 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരിയെടുക്കുകയാണെങ്കില്‍ 46ശതമാനമാണ് വര്‍ധന.