റെയില്‍വെ പാക്കേജ് റെഡി;കുറഞ്ഞ നിരക്കില്‍ ഗുജറാത്തില്‍ കറങ്ങാം


മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസിന്റെ ജനപ്രീതി കൂട്ടുന്നതിനായി പുതിയ നാലു ടൂറിസ്റ്റ് പാക്കേജുകള്‍ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചു. മുംബൈ-വഡോദര, മുംബൈ-അഹമ്മദാബാദ് റൂട്ടുകളില്‍ ഓടുന്ന തേജസ് എക്‌സ്പ്രസിലാണ് പുതിയ പാക്കേജുകള്‍ ലഭ്യമാക്കുന്നത്.
ഡിസംബര്‍ ആദ്യവാരം വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ താമസമടക്കം മൂന്നു ദിവസത്തെ യാത്രയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. സഞ്ചാരികള്‍ക്ക് ഈ സ്ഥലങ്ങള്‍ ചുറ്റിനടന്നു കാണാം.ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 2,000 രൂപ ആയിരിക്കും നിരക്ക്.
മുംബൈയില്‍ നിന്നുള്ള യാത്രയില്‍ ലക്ഷ്മി വിലാസ് പാലസ്, അക്ഷര്‍ധാം ക്ഷേത്രം, സബര്‍മതി റിവര്‍ ഫ്രണ്ട്, ഗുജറാത്തിലെ സബര്‍മതി ആശ്രമം എന്നിവയും ഉള്‍പ്പെടും. ഗുജറാത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കായി മുംബൈയിലെ യാത്രാപ്ലാനിനു സമാനമായ പാക്കേജുകളും ഐആര്‍സിടിസി തയാറാക്കുന്നുണ്ട്.
മുംബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യാനും വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ ചുറ്റിക്കാണാനും കഴിയും. ഇതില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലുള്ള താമസവും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നു. യാത്രക്കാര്‍ക്ക് വാഹനങ്ങളും ലഭ്യമാക്കും.
ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയില്‍ സര്‍വീസാണ് തേജസ് എക്‌സ്പ്രസ്.
പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഈ ട്രെയിനില്‍ 56 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് ചെയര്‍ കാറുകളും 78 സീറ്റ് വീതമുള്ള എട്ട് ചെയര്‍ കാറുകളുമാണ് ഉള്ളത്. ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.