ലക്ഷ്മി വിലാസ് ബാങ്ക്; നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് റിസര്‍വ് ബാങ്ക്‌

മുംബയ്: ലക്ഷ്മി വിലാസ് ബാങ്ക് നിക്ഷേപകർ ഭയക്കേണ്ടതില്ലെന്നും നിർദിഷ്ട സമയത്തിനുള്ളിൽ തന്നെ ഡി.ബി.എസ് ബാങ്ക് ഇന്ത്യയുമായി ലയനം പൂർത്തിയാകുമെന്നും അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. നഷ്ടത്തിൽ മുങ്ങിയ ലക്ഷ്മി വിലാസ് ബാങ്ക് ഇടപാടുകൾക്ക് കേന്ദ്രസർക്കാർ ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച ശേഷം ചൊവ്വാഴ്ചയാണ് ടി.എൻ.മനോഹരനെ അഡ്മിനിസ്ട്രേറ്ററായി റിസർവ് ബാങ്ക് നിയമിച്ചത്. കാനറാ ബാങ്ക് മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ് ഇദ്ദേഹം.

ഡിസംബർ 16നകം ലക്ഷ്മിവിലാസ് ബാങ്കിനെ ഡി.ബി.എസിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. നവംബർ 20ന് ലയനം സംബന്ധിച്ച് കരട് പദ്ധതിക്ക് അന്തിമരൂപമാകും.

നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്നും നിക്ഷേപങ്ങൾ മടക്കി നൽകാനുള്ള ശേഷി ബാങ്കിനുണ്ടെന്നും ടി.എൻ.മനോഹരൻ വ്യക്തമാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ച ശേഷം പണം പിൻവലിക്കാൻ ശാഖകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ക്യൂ ആയിരുന്നു. ഒരു ദിവസം കൊണ്ട് പത്ത് കോടി രൂപ പിൻവലിക്കപ്പെട്ടു. 25,000 രൂപയായിരുന്നു പരിധി. കഴിഞ്ഞ ഒരു മാസത്തിനിടെ 1,500 കോടി രൂപ നിക്ഷേപകർ പിൻവലിക്കുകയും ചെയ്തു.

ഇല്ലാതാകുന്നത് കരൂരിന്റെ സ്വന്തം ബാങ്ക്

94 വർഷം മുമ്പ് തമിഴ്നാട്ടിലെ കരൂരിൽ ഏഴ് പേർ ചേർന്ന് ആരംഭിച്ചതാണ് ലക്ഷ്മിവിലാസ് ബാങ്ക്. ഏതാനും വർഷം മുമ്പ് റാൻബാക്സി ഫാർമയുടെ മുൻപ്രൊമോട്ടർമാരായ മാൽവിന്ദർ സിംഗിനും ശിവേന്ദർ സിംഗിനും സ്ഥിരനിക്ഷേപം ഈടാക്കി നൽകിയ 720 കോടി രൂപയുടെ വായ്പയും കേസുകളുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്.

ലയിക്കുന്നത് വിദേശബാങ്കുമായി

പതിവ് ബാങ്ക് ലയനങ്ങളിൽ നിന്ന് വിഭിന്നമായി ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പൂർ ആസ്ഥാനമായ ഡി.ബി.എസ് ബാങ്കിന്റെ ഇന്ത്യൻ സംരംഭവുമായാണ് റിസർവ് ബാങ്ക് കൂട്ടിച്ചേർക്കുന്നത്. പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കലായിരുന്നു കീഴ്വഴക്കം.