സിനിമാ തിയേറ്ററുകള്‍ 2021 മാര്‍ച്ചില്‍ തുറക്കും

കോവിഡ് 19 ചലച്ചിത്ര മേഖലയില്‍ സൃഷ്ടിച്ച വിവിധ പ്രതിസന്ധികള്‍ വിലയിരുത്തുന്നതിനും തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ആരായുന്നതിനുമായി ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടി മാത്രം തിയറ്ററുകള്‍ തുറന്നാല്‍ മതിയെന്നായിരുന്നു ഭൂരിപക്ഷം സംഘടനകളും അഭിപ്രായപ്പെട്ടത്. ചലച്ചിത്ര മേഖലയുടെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക പാക്കേജ് ഉള്‍പ്പടെയുള്ള നടപടികള്‍ പ്രഖ്യാപിക്കണം എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ സംഘടനകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ പരിമിതമായി തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് രോഗികള്‍ കുറയുന്ന സാഹചര്യത്തില്‍ കേരളത്തിലും അതിനുള്ള സാധ്യതകള്‍ ആരായണമെന്ന് നേരത്തേ ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. അതിനൊപ്പം നിശ്ചിത കാലത്തേക്കെങ്കിലും വിനോദ നികുതി ഒഴിവാക്കണം എന്ന ആവശ്യവും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.