ഓക്‌സ്ഫഡ് വാക്‌സിന്‍ ഫെബ്രുവരിയോടെ ഇന്ത്യയില്‍ ലഭ്യമാകും; രണ്ടു ഡോസിന് 1000 രൂപ

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാക്കും. ഒരാള്‍ക്ക് ആവശ്യമായ രണ്ട് ഡോസ് മരുന്ന് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവല്ല പറഞ്ഞു.
എന്നാല്‍ 2024 ഓടെയേ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്ഫഡ്അസ്ട്രസെനക വാക്‌സിന്‍ പ്രായമായവരില്‍ പോലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നത്. എന്നാല്‍ എത്ര കാലത്തേക്ക് വാക്‌സിന്‍ പ്രതിരോധ സംരക്ഷണം നല്‍കുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.