നോട്ടു നിരോധനത്തിനുശേഷം നോട്ട് ഉപയോഗം കൂടി

നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത് കറന്‍സിയുടെ വിനിമയത്തില്‍ 54 ശതമാനം വര്‍ധന. നിലവില്‍ രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്. നവംബര്‍ 13ന് അവസാനിച്ച ആഴ്ചയിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വര്‍ഷത്തിനിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയര്‍ന്നനിലയാണിത്.
2016 നവംബറില്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നോട്ടിടപാടുകള്‍ കുറയ്ക്കുക പ്രധാനലക്ഷ്യമായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനു വിപരീതമായി നോട്ട് ഉപയോഗം കൂടുകയാണ് ചെയ്തത്. നോട്ടുകള്‍ ശേഖരിച്ചുവെക്കുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. 2016 ല്‍ 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍, നാലുവര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡിജിറ്റല്‍ ഇടപാടുകളിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. ദീപാവലി
ഉള്‍പ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടി രൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു.
സെപ്റ്റംബര്‍ 11ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാര്‍ച്ച് 31ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു.