യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാര്‍

നടന്‍ അക്ഷയ് കുമാര്‍ ബിഹാര്‍ സ്വദേശിയായ യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണം. റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടിസ് നല്‍കിയത്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും പരാതി നല്‍കി. സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.
മഹേന്ദ്രസിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എംഎസ് ധോണി; ദ് അണ്‍ടോള്‍ഡ് സ്റ്റോറി’യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യകൂടി കൂടികാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു.