ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് ഇടപാടിന് അനുമതി; ആമസോണിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷന്‍ കമ്മിഷന്‍ അംഗീകാരം നല്‍കി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇകൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനില്‍ക്കെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോമ്പറ്റീഷന്‍ കമ്മിഷന്റെ അനുമതി അമേരിക്കന്‍ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019ല്‍ ഫ്യൂച്ചര്‍ കൂപ്പണില്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം.
സിങ്കപ്പൂര്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ സെന്ററില്‍നിന്ന് ഇടപാട് താത്കാലികമായി തടഞ്ഞിരുന്നു. ഇന്ത്യന്‍ കോടതി ഉത്തരവ് ശരിവെച്ചാല്‍ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തില്‍ വിധി ലഭിച്ചിട്ടില്ല. ആര്‍ബിട്രേഷന്‍ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോണ്‍ കോമ്പറ്റീഷന്‍ കമ്മിഷനെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.