62000 കോടി അടച്ചില്ലെങ്കില്‍ സുബ്രത റോയിയെ ജയിലിലിടണം- സെബി


എത്രയും വേഗം 62000 കോടി രൂപ (8.43 ബില്യണ്‍ ഡോളര്‍) നല്‍കണമെന്ന് വ്യവസായി സുബ്രത റോയിയോട് നിര്‍ദ്ദേശിക്കണമെന്നും വഴങ്ങുന്നില്ലെങ്കില്‍ പരോള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. സഹാറ ഇന്ത്യ പരിവാര്‍ ഗ്രൂപ്പിന്റെ രണ്ടു കമ്പനികള്‍ക്കും ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കുമായി പലിശയടക്കം 62600 കോടി രൂപയാണ് കുടിശ്ശികയായുള്ളതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)അറിയിച്ചു.
എട്ട് വര്‍ഷം മുമ്പ് അടയ്ക്കാന്‍ ഉത്തരവിട്ട 25,700 കോടിയായിരുന്ന ബാധ്യതയാണ് ഇപ്പോള്‍ 62,000 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്. സഹാറ ഗ്രൂപ്പ് കമ്പനികള്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിക്കുകയും 3.5 ബില്യണ്‍ ഡോളറിലധികം നിയമവിരുദ്ധമായി സമാഹരിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. നാലര വര്‍ഷം മുന്‍പ് റോഷന്‍ ലാല്‍ എന്ന സാധാരണ നിക്ഷേപകന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) നല്‍കിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകള്‍ പുറത്തു വരാന്‍ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തിയതു കോടികളുടെ തട്ടിപ്പിന്റെ കഥകളിലേക്കാണ്.
ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് പണം സ്വരൂപിച്ചതായി കമ്പനികള്‍ അറിയിച്ചു. അന്‍പതോ അതില്‍ കൂടുതലോ നിക്ഷേപകരില്‍ നിന്നു കടപ്പത്രങ്ങള്‍ വഴി പണം സമാഹരിക്കാന്‍ സെബി അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണു ഗ്രൂപ്പ് അനുമതിയില്ലാതെ വന്‍തോതില്‍ പണം സമാഹരിച്ചത്. എന്നാല്‍ സെബിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹാറ ഗ്രൂപ്പ് പണം നല്‍കാതിരുന്നതോടെ കോടതി റോയിയെ ജയിലിലടച്ചു.
എന്നാല്‍ സെബിയുടെ ആവശ്യം തികച്ചും തെറ്റാണെന്ന് സഹാറ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സെബി 15% പലിശയാണ് ഈടാക്കിയിരിക്കുന്നത്. കമ്പനികള്‍ ഇതിനകം തന്നെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.