കേരകര്‍ഷകര്‍ക്ക് ആശ്വാസമേകി വെളിച്ചെണ്ണ വിലയും കൊപ്ര
വിലയും വര്‍ധിച്ചു. ഒരു മാസം മുമ്ബ് 30 – 40 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില്പന വിലയെങ്കില്‍, ഇന്നലെ 55 ലേക്കെത്തി. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണയുടെയും വിലയും വര്‍ധിച്ചു.
190 ല്‍ നിന്ന വെളിച്ചെണ്ണ വില 230 രൂപയിലേക്കെത്തി. കഴിഞ്ഞ തിങ്കളാഴ്ച വെളിച്ചെണ്ണയുടെ മൊത്തവില ക്വിന്റലിന് 18900 രൂപയായിരുന്നുവെങ്കില്‍ ഓരോ ദിവസവും 100 രൂപ വീതം കൂടി 19300 ആയി. ഇനിയും ഉയരുമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്.
കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവുള്‍പ്പടെ വരുന്നതും വിലക്കയറ്റത്തിന് കാരണമാണ്. നേരത്തെ ലക്ഷ ദ്വീപില്‍ നിന്നും തേങ്ങ ആവശ്യത്തിന് എത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം ലക്ഷ ദ്വീപില്‍ നിന്നും തേങ്ങ എത്താതായതും വിലയെ ബാധിച്ചു. നാട്ടിന് പുറങ്ങളിലെ തെങ്ങുകള്‍ ഒന്നിടവിട്ട വര്‍ഷമാണ് നല്ല വിളവു തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നത്. മുന്‍ വര്‍ഷം നല്ല വിളവ് ലഭിച്ചപ്പോള്‍ ഇക്കുറി കുറഞ്ഞതായും പറയുന്നു. നേരത്തെ തേങ്ങവില ഇടിഞ്ഞു കര്‍ഷകര്‍ക്ക് വന്‍നഷ്ടം നേരിട്ട സാഹചര്യത്തില്‍ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച് സംഭരിക്കാന്‍ വരെ തീരുമാനിച്ചതാണ്. വില കുറഞ്ഞു നിന്നപ്പോള്‍ തേങ്ങ വാങ്ങി കൊപ്രയാക്കി സംഭരിക്കാനായിരുന്നു ഇത്.