ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പോലീസ് വാഹനം അംബാനിക്ക് സ്വന്തം; വില 2.30 കോടി


ഇന്ത്യയില്‍ ഏറ്റവും വിലകൂടിയ പൊലീസ് വാഹനം ഇനി മുകേഷ് അംബാനിക്ക് സുരക്ഷയൊരുക്കും. 2.30 കോടി മുടക്കി മുകേഷ് അംബാനിതന്നെയാണ് വാഹനം വാങ്ങിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുകേഷ് അംബാനി റേഞ്ച് റോവര്‍ വോഗ് എസ്ഇയാണ് പുതിയതായി വാങ്ങിയത്. 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ് 5 മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുണ്ടായിരുന്ന അംബാനിയുടെ സുരക്ഷാ വാഹനങ്ങളുടെ നിരയിലേക്കാണ് ഈ പുതിയ വാഹനം എത്തുന്നത്.
ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവര്‍. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന ഈ വാഹനം വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ വില്‍പനയിലുണ്ട്. ഇതില്‍ എസ്ഇയുടെ ലോങ് വീല്‍ബെയ്‌സ് പെട്രോള്‍ പതിപ്പാണ് അംബനി സ്വന്തമാക്കിയത്. എക്‌സ്‌ഷോറൂം വില ഏകദേശം 2.30 കോടി രൂപയാണ്. 3 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 394 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.