ജോലി സമയം 12 മണിക്കൂറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ജോലി സമയം ഒമ്പത് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വിശ്രമവേള ഉള്‍പ്പെടെയാണ് 12 മണിക്കൂര്‍. ഇത് സംബന്ധിച്ച് പ്രതികരണം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് തൊഴില്‍മന്ത്രാലയം അവസരം നല്‍കിയിരിക്കുകയാണിപ്പോള്‍. പൊതുജനാഭിപ്രായം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.
തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജോലി സമയം കൂട്ടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം എന്ന് എഐടിയുസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണ്‍വെന്‍ഷന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി. ഐഎല്‍ഒ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചതാണെന്നും സംഘടന ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 26ന് ദേശ വ്യാപക സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം എന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

ഒരു മണിക്കൂര്‍ വിശ്രമ വേള അടക്കം 12 മണിക്കൂര്‍ ജോലി സമയം എന്നതാണ് പുതിയ തൊഴില്‍ സമയമാറ്റത്തിലെ പ്രത്യേകത. അതേ സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടരുത് എന്നും കരട് നിര്‍ദേശത്തിലുണ്ട്. കൊറോണ കാരണം സ്തംഭിച്ച നിര്‍മാണ മേഖല തിരിച്ചുപിടിക്കാന്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സാമ്പത്തിക മേഖല വേഗത്തില്‍ കരകയറാന്‍ ഇത് ഉപകരിക്കുമെന്നാണ് അവരുടെ വാദം.