12 വര്‍ഷത്തിനുശേഷം കെല്‍ ലാഭത്തില്‍

12 വര്‍ഷത്തിനുശേഷം സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി (കെല്‍) ലാഭത്തിലെത്തി. ഈ സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ 70 ലക്ഷം രൂപയുടെ ലാഭമാണ് കെല്‍ കൈവരിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി. 2007-2008 സാമ്പത്തികവര്‍ഷമാണ് സ്ഥാപനം അവസാനമായി ലാഭത്തിലായത്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് ലഭിച്ച 111 കോടിയുടെ ഓര്‍ഡര്‍ യഥാസമയം ചെയ്ത് നല്‍കിയത് നേട്ടത്തിന് വഴിയൊരുക്കിയതായും മന്ത്രി പറഞ്ഞു.
കെഎസ്ഇബിക്കും ഇതരസംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് കെല്‍ ആണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കുപാലങ്ങളും മറ്റ് സിവില്‍ ജോലികളും വിവിധ ടൂറിസ്റ്റ് പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണത്തിന് കെല്ലിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു.