ഇന്ത്യയുടെ ‘ആഴക്കടല്‍ ദൗത്യം’ നാല് മാസത്തിനുള്ളില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: സമുദ്രത്തിനടിയിലെ വിലയേറിയ ധാതുക്കള്‍, ഊര്‍ജ്ജം, സമുദ്ര വൈവിധ്യം തുടങ്ങിയവയുടെ പര്യവേക്ഷണം വിഭാവനം ചെയ്യുന്ന ‘ഡീപ് ഓഷ്യന്‍ മിഷന്‍’ നാല് മാസത്തിനുള്ളില്‍ ആരംഭിക്കും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
4000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ ദൗത്യം. ഇന്ത്യയുടെ വിശാലമായ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റല്‍ ഷെല്‍ഫും പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഈ ദൗത്യം ഉത്തേജനം നല്‍കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നു.
വിവിധ ആഴക്കടല്‍ സംരംഭങ്ങള്‍ക്കായി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു.
ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി, സി.എസ്.ഐ, ആര്‍ തുടങ്ങിയ സ്ഥാപനങ്ങളും ദൗത്യത്തില്‍ പങ്കാളികളാവും. ഡിആര്‍ഡിഒ, ഐ.എസ്.ആര്‍.ഒ എന്നിവരാണ് ദൗത്യത്തിന്റെ ചില സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്.
ചൈന, കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സജീവമായി നില്‍ക്കുന്ന മേഖയില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നതിനാല്‍ ദൗത്യത്തിന് തന്ത്രപരമായ പ്രധാന്യം അര്‍ഹിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ 1.5 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭാഗമാണ് ഇന്ത്യ പര്യവേക്ഷണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്നത്.