പ്രവാസികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗദിയില്‍ സൗജന്യ കോവിഡ് വാക്‌സീന്‍

റിയാദ്: സൗദിയില്‍ പ്രവാസികളുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാക്‌സീന്‍ സൗജന്യമായി നല്‍കുന്നത്. അതിനാല്‍ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ കൊറോണ വൈറസ് ബാധ ഏല്‍ക്കാത്ത രാജ്യത്തെ 70 ശതമാനം പേര്‍ക്കാണ് മുന്‍ഗണന നല്‍കുക. അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ പേര്‍ക്കും കുത്തിവയ്പ് നല്‍കാനാകുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കില്ല. പ്രതിരോധ വാക്‌സീന്‍ നല്‍കുന്നതിനുള്ള കൃത്യമായ പട്ടിക വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 രാജ്യങ്ങളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന കോവാക്‌സ് മുഖേനയാണ് വാക്‌സീന്‍ നല്‍കുന്നതിനുള്ള ശ്രമം സൗദി നടത്തുന്നത്.