ബിഎസ്എന്‍എല്ലിന് ആഗോള ടെണ്ടറിന് അനുമതിയില്ല; 4ജി വൈകും

ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള 4 ജി കോര്‍ ഉപയോഗിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി)സാങ്കേതിക സമിതി ബിഎസ്എന്‍എല്ലിന് നിര്‍ദ്ദേശം നല്‍കി. ബിഎസ്എന്‍എലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകള്‍ തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതോടെ ബിഎസ്എന്‍എല്‍ 4ജി സേവനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
ബിഎസ്എന്‍എല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ നയം ലംഘിച്ചുവെന്ന് കാണിച്ച് രാജ്യത്തെ കമ്പനികള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നേരത്തെയുള്ള ടെണ്ടര്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ടെക്‌നിക്കല്‍ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശമുണ്ടായത്. പുതിയ തീരുമാനം ആഭ്യന്തര ടെലികോം ഗിയര്‍ നിര്‍മാതാക്കളായ തേജസ് നെറ്റ്‌വര്‍ക്ക്, ടെക് മഹീന്ദ്ര, സിഡോട്ട്, വിഎന്‍എല്‍, എച്ച്എഫ്‌സിഎല്‍ എന്നിവയ്ക്ക് നേട്ടമാകും. നേരത്തെ ബിഎസ്എന്‍എലിന് ഉത്പന്നങ്ങള്‍ വിതരണംചെയ്തിരുന്ന എറിക്‌സണ്‍, നോക്കിയ, സെഡ്ടിഇ തുടങ്ങിയ വിദേശ കമ്പനികള്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക.
ടെണ്ടര്‍ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നല്‍കാന്‍ ആറുമാസത്തിലധികം കാലതമാസം നേരിടും.