ഷെയര്‍ചാറ്റിനെ സ്വന്തമാക്കാനൊരുങ്ങി ഗൂഗിള്‍

രാജ്യത്തെ പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു. പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള ഷെയര്‍ചാറ്റിന്റെ നിക്ഷേപകരെ മാറ്റി പൂര്‍ണമായും ഗൂഗിള്‍ സ്വന്തമാക്കാനാണ് നീക്കം. ഷെയര്‍ ചാറ്റിന്റെ സ്ഥാപകര്‍ ചെറിയ അളവിലെ ഷെയര്‍ ഹോള്‍ഡര്‍മാരായി തുടരും. ഡീല്‍ നടന്നാല്‍ 1.03 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ഷെയര്‍ചാറ്റ് മാറും.
650 ദശലക്ഷം ഡോളര്‍ മൂല്യമാണ് നിലവില്‍ അഞ്ച് വര്‍ഷം പ്രായമുള്ള ഈ സോഷ്യല്‍മീഡിയ കമ്പനിക്കുള്ളത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളില്‍ ശക്തമായ പ്രചാരണമുണ്ട്. ട്വിറ്റര്‍, പവന്‍ മുഞ്ചല്‍, ഡിസിഎം ശ്രീറാം പ്രമോട്ടേഴ്‌സ് ഫാമിലി ഓഫീസ്, സൈഫ് പാര്‍ട്‌ണേഴ്‌സ്, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍, ഇന്ത്യ കോഷ്യന്റ് തുടങ്ങിയവരാണ് ഷെയര്‍ ചാറ്റില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. നിലവില്‍ 160 ദശലക്ഷം ആക്റ്റീവ് യൂസേഴ്‌സ് ഷെയര്‍ചാറ്റിനുണ്ട്.