ഇന്‍ടോട്ട് ടെക്‌നോളജീസിന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സിന്റെ നിക്ഷേപം


തിരുവനന്തപുരം: ആഗോള തലത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഡിജിറ്റല്‍ മീഡിയ ബ്രോഡ്കാസ്റ്റ് റിസീവര്‍ സൊലൂഷനുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഇന്‍ടോട്ട്, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് നിന്നും രണ്ടാം തവണയും നിക്ഷേപം നേടി. 2018 ലും യൂണികോണ്‍ ഇന്ത്യയില്‍ നിന്നും ഇന്‍ടോട്ട് നിക്ഷേപം സമാഹരിച്ചിരുന്നു.
ചെലവ് കുറഞ്ഞതും ഉയര്‍ന്ന ഗുണനിലവാരവുമുളള അടുത്ത തലമുറയിലെ ഡിജിറ്റല്‍ മീഡിയ ബ്രോഡ്കാസ്റ്റ് റിസീവറുകള്‍ക്കുള്ള ഐപി സൊലൂഷനുകളായ ഡിജിറ്റല്‍ റേഡിയോ മോണ്ടിയാലി (എഎം,എഫ്എം ബാന്‍ഡുകള്‍ക്കുവേണ്ടി), ഡിഎബി/ഡിഎബി+, സിഡിആര്‍, ഐഎസ്ഡിബി-ടി എന്നിവയും എക്‌സ്‌പെറിയുടെ സഹകരണത്തോടെ എച്ച്ഡി റേഡിയോ റിസീവറുകളുമാണ് ഇന്‍ടോട്ട് വിപണിയില്‍ എത്തിക്കുന്നത്.
റേഡിയോ ഫ്രീക്വന്‍സിക്കും ഡിആര്‍എം,ഡിഎബി/ഡിഎബി+, എച്ച്ഡി റേഡിയോ, സിഡിആര്‍ എന്നിവ പോലെയുള്ള എല്ലാ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവര്‍ സ്റ്റാര്‍ഡേറുകള്‍ക്കുമായി സമയ കൃത്യതയ്ക്ക് ആവശ്യമുള്ള അത്യാധുനിക ഡിജിറ്റല്‍ റേഡിയോ ടെസ്റ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്‍ടോട്ട് ഫണ്ട് ഉപയോഗപ്പെടുത്തും.
സ്ഥാപനത്തിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ പ്രശാന്ത് തങ്കപ്പനും സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജിത് നായരും ചേര്‍ന്നാണ് 2014 ല്‍ ഇന്‍ടോട്ടിന് തുടക്കം കുറിച്ചത്. സ്ഥാപനത്തിന്റെ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത റേഡിയോ സൊലൂഷനുകളില്‍ (എസ്ഡിആര്‍) ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഡിആര്‍എമ്മും മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഡിഎബി/ഡിഎബി+യും അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളില്‍ എച്ച്ഡി റേഡിയോയും ചൈനയില്‍ സിഡിആറും ഉപയോഗിക്കുന്നുണ്ട്.
കാറ്, വീട്, സ്മാര്‍ട്‌ഫോണ്‍ എന്നിവയിലുള്‍പ്പെടെ ലോകമെമ്പാടും ഉയര്‍ന്ന ഗുണമേന്‍മയുള്ള ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവര്‍ സൊലൂഷനുകള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജിത് നായര്‍ പറഞ്ഞു. യൂണികോണ്‍ ഇന്ത്യയില്‍ നിന്നുള്ള തുടര്‍ച്ചയായ പിന്തുണ ഇതുവരെ കൈവരിച്ച വിജയത്തിനും അടുത്ത രണ്ട് വര്‍ഷത്തേക്ക് വികസിപ്പിച്ചെടുക്കുന്ന വളര്‍ച്ചാ പദ്ധതികള്‍ക്കുമുള്ള ഊര്‍ജവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ വിപണിയിലുളള ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവര്‍ സൊലൂഷനുകള്‍ക്ക് ഡീമോഡുലേഷന്‍ പോലുള്ള സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന ചെലവ് കൂടിയ സമര്‍പ്പിത ചിപ്പുകള്‍ ആവശ്യമാണ്. അപ്രകാരം അന്തിമ സൊലൂഷനുകള്‍ വളരെ ചെലവേറിയതാകുന്നു. ഇത് ഡിഎബി, ഡിആര്‍എം, സിഡിആര്‍ ടെക്‌നോളജികളുടെ ഉപയോഗം സര്‍ക്കാരുകളും പ്രക്ഷേപകരും നിര്‍ബന്ധമാക്കിയ ഇന്ത്യ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് അതിവേഗം കടന്നു ചെല്ലുന്നതിന് വെല്ലുവിളിയാണ്.
സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിധത്തില്‍ റിസീവറുകളുടെ ചെലവ് കുറയ്ക്കല്‍, ഗുണമേന്‍മയുള്ള റിസീവറുകള്‍ മിതമായ നിരക്കില്‍ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറിന് ലഭ്യമാക്കുക എന്നിവയാണ് ഇന്‍ടോട്ടിന്റെ പദ്ധതി. എസ്ഡിആര്‍ നടപ്പാക്കല്‍, പേറ്റന്റ് മെച്ചപ്പെടുത്തലുകള്‍, എആര്‍എം പ്രൊസസറുകള്‍ എന്നിവയും കേന്ദ്രീകരിച്ചാണ് ഇന്‍ടോട്ടിന്റെ പ്രവര്‍ത്തനം. ടെലിചിപ്‌സ്, ക്ലാരിയോണ്‍ ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്ക് ഇന്‍ടോട്ട് അതിന്റെ ഡിജിറ്റല്‍ റേഡിയോ റിസീവര്‍ സൊലൂഷനുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
ഇന്‍ടോട്ടുമായുള്ള ബന്ധം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ ആഗോള വിപണികളില്‍ പ്രവര്‍ത്തിക്കുന്ന ഐപി സൃഷ്ടിക്കാനുള്ള മികവിനും സാക്ഷ്യം വഹിക്കാനായതായി യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി പറഞ്ഞു. കൂടുതല്‍ ഐപികള്‍ വികസിപ്പിക്കുന്നതിനും വേഗത്തില്‍ വളരുന്നതിനുമാണ് വീണ്ടും നിക്ഷേപം നടത്തുന്നത്. വിവിധ വിപണികളില്‍ ഒന്നിലധികം ബാന്‍ഡ്‌വിഡ്ത്ത് സേവനം നല്‍കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ് ഇന്‍ടോട്ടെന്നും അദ്ദേഹം വ്യക്തമാക്കി.