നെറ്റ് വര്‍ക്കിലൂടെയുള്ള തട്ടിപ്പ് തടഞ്ഞില്ല; ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവക്ക് കനത്ത പിഴ

നെറ്റ് വര്‍ക്കിലൂടെയുള്ള തട്ടിപ്പ് തടയാത്തതിനാല്‍ ടെലികോം റെഗുലേറ്ററായ ട്രായ് ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ എന്നിവയ്ക്ക് പിഴ ചുമത്തി. ഇവരുടെ നെറ്റ്‌വര്‍ക്കുകളിലെ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ല. തുടര്‍ന്ന് ട്രായ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഉചിതമായ രീതിയില്‍ പ്രതികരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.
ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ രക്ഷാകര്‍തൃ കമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസില്‍ ട്രായ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍), ടാറ്റ ടെലി സര്‍വീസസ് എന്നിവയ്ക്കും പിഴ ചുമത്തി.
ഡല്‍ഹി ഹൈക്കോടതിയില്‍ ട്രായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിഎസ്എന്‍എല്ലിനാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് പിഴ. വ്യാജ സന്ദേശങ്ങളും ഫിഷിംഗ് ശ്രമങ്ങളും ഏകദേശം 60-70% ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലൂടെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ നെറ്റ്‌വര്‍ക്കുകളില്‍ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മതിയായ സമയം നല്‍കാതെ ട്രായ്ക്ക് പിഴ ചുമത്താന്‍ കഴിയില്ല. യുസിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ബിഎസ്എന്‍എല്ലിന് രണ്ടുതവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ മറ്റ് ടെല്‍കോം കമ്പനികളോട് ഒക്ടോബര്‍ 1നാണ് കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ ടെലികോം കമ്പനികള്‍ പരാജയപ്പെട്ടതാണ് പിഴ ലഭിക്കാന്‍ കാരണം. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും.