ബി.പി.സി.എല്‍ സ്വകാര്യവത്കരണം; കണക്ഷനുകള്‍ മാറ്റിയേക്കും

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഭാരത് ഗ്യാസിന്റെ കണക്ഷനുകള്‍ പൊതുമേഖല കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് മാറ്റിയേക്കും. ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികള്‍ പുരോഗമിക്കുന്നതിനാലാണ് ഈ നടപടി. സ്വകാര്യവത്കരണം പൂര്‍ത്തിയായാല്‍ പുതിയ ഉടമകള്‍ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്ബനികളിലേയ്ക്ക് മാറ്റുന്നത്.

ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എച്ച്‌പിയുമാണ് എല്‍പിജി വിതരണംചെയ്യുന്നത്. മൂന്നുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കൈമാറ്റനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കണക്ഷനുകള്‍ മാറ്റുന്നതിന് പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും.

പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവില്‍ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്‌സിഡി നല്‍കിവരുന്നത്. എന്നാല്‍ പൊതുമേഖല എണ്ണക്കമ്ബനികള്‍ക്ക് സബ്‌സിഡി തുക വൈകിയാണ് പതിവായി കിട്ടുന്നത്. 2020 സാമ്ബത്തികവര്‍ഷം അവസാനം സബ്‌സിഡിയിനത്തില്‍ കമ്ബനികള്‍ക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്‌പിസിഎലിന് 25ശതമാനവുംതുകയാണ് നല്‍കാനുള്ളത്.