പബ്ജി ഗെയിം ഇന്ത്യയില്‍ ഡിസംബറില്‍ ഇറങ്ങും

പബ്ജി മൊബൈല്‍ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ റിലീസ് ചെയ്യ്‌തേക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് പുറത്തിറങ്ങുക. മൊബൈല്‍ ഗെയിമിന്റെ രജിസ്‌ട്രേഷന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഇന്ത്യ രജിസ്റ്റര്‍ ചെയ്തു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം നല്‍കിയതായാണ് വിവരം. സാധുവായ കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍ (സിഎന്‍) ഉപയോഗിച്ച് കമ്പനി ഇതിനകം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ഓഫീസ് ബെംഗളൂരുവിലാണ്. പബ്ജി മൊബൈല്‍ ഇന്ത്യ വെബ്‌സൈറ്റ് നിലവില്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ലിങ്കുകളിലൂടെ ‘ഉടന്‍ വരുന്നു’ എന്ന പരസ്യം നല്‍കി തുടങ്ങിയിട്ടുണ്ട്.
പബ്ജി, പബ്ജി മൊബൈല്‍, പബ്ജി കോര്‍പ്പറേഷന്‍, പബ്ജി മൊബൈല്‍ ഇന്ത്യ, പബ്ജി മൊബൈല്‍ ലൈറ്റ് എന്നീ തലക്കെട്ടുകള്‍ സ്വന്തമാക്കി, ഗെയിം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 739.72 കോടി രൂപ) മുതല്‍ മുടക്കില്‍ ഒരു ഇന്ത്യന്‍ സബ്‌സിഡിയറി സ്ഥാപിക്കുമെന്ന് രജിസ്‌ട്രേഷന്‍ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.
പബ്ജി മൊബൈല്‍ ഇന്ത്യയുടെ ഇന്ത്യന്‍ പതിപ്പ് തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.